2 ആൺ മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ മൂന്നു പേരുടെയും മൃതദേഹങ്ങൾ നെടുമങ്ങാട് ആനാട് ചുള്ളിമാനൂർ മുസ്ലീം പള്ളിയിൽ ഖബർ അടക്കി. പോസ്റ്റ്മോർട്ടത്തിനു ശേഷം നാവായിക്കുളത്ത് കൊണ്ടു വന്ന മൃതദേഹങ്ങൾ സബീറിന്റെ ഭാര്യ റജീന താമസിക്കുന്ന വൈരമല എ.ആർ.മൻസിലിൽ പൊതു ദർശനത്തിനു വച്ച ശേഷമാണ് കൊണ്ടു പോയത്.സബീറിന്റെ കുടുംബ സ്ഥലം ചുള്ളിമാനൂർ ആയതിനാലാണ് അവിടെ ഖബർ അടക്കാൻ തീരുമാനിച്ചത്.
വെള്ളി രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.മൂത്ത മകൻ അൽത്താഫി(12)നെ സബീർ താമസിക്കുന്ന മംഗ്ലാവിൽ വാതുക്കൽ വയലിൽ വീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇളയ മകൻ അൻഷാദി(9) നെയും കൊണ്ട് നാവായിക്കുളം വലിയ കുളത്തിൽ ചാടുക ആയിരുന്നു.നാലു മാസമായി സബീറും ഭാര്യയും അകന്നു താമസിക്കുകയായിരുന്നു.കുടുംബ പ്രശ്നങ്ങൾ ആകാം കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു.നാവായിക്കുളം പട്ടാളം മുക്കിലെ ഓട്ടോ തൊഴിലാളിയായിരുന്നു സബീർ.മരണത്തെ തുടർന്ന് ഓട്ടോകൾ കഴിഞ്ഞ ദിവസം ഓട്ടം നിർത്തി വച്ചു.
നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 6,4 ക്ലാസ് വിദ്യാർഥികളായ അൽത്താഫിന്റെയും അൻഷാദിന്റെയും വേർപാട് ഇനിയും ഉൾക്കൊള്ളാൻ ആകാതെ നാവായിക്കുളം ഗ്രാമം ഇന്നലെ മരവിച്ചു നിന്നു.കുട്ടികളുടെ കളി ചിരി മായാത്ത മുഖങ്ങൾ ഓർത്ത് വിഷമിക്കുകയാണ് നാട്ടുകാർ. കുട്ടികളോട് ഈ ക്രൂരത വേണ്ടായിരുന്നു അവർ എന്തു തെറ്റ് ചെയ്തു എന്നിങ്ങനെയുള്ള സംഭാഷണങ്ങൾ ആയിരുന്നു എവിടെയും.
തങ്ങളുടെ സംഘത്തിലെ രണ്ടു പേർ ഇനിയില്ലെന്ന തിരിച്ചറിവിന്റെ ഞെട്ടലിലാണ് രണ്ടു കുരുന്നുകളുടെയും കളിക്കൂട്ടുകാർ.പൊതു ദർശനത്തിനു വച്ച മൃതദേഹം ഒരു നോക്കു കാണാൻ പോലും കൂട്ടാക്കാതെ അവർ വേദനയോടെ മാറി നിന്നു. പിതാവിന്റെ ക്രൂരതയിൽ ഒന്നും അറിയാതെ മരണത്തിന് കീഴടങ്ങിയ കുരുന്നുകളുടെ വാർത്ത കേട്ട് നാടു മുഴുവൻ നാവായിക്കുളം വൈരമലയിലേക്ക് ഒഴുകി.
എന്നെ തനിച്ചാക്കി മക്കളേ... നിങ്ങൾ പോയില്ലേ..
ബാപ്പയുടെ കൈപിടിച്ച് യാത്ര പറഞ്ഞ് പോയത് ഇതിന് ആയിരുന്നോ മക്കളേ...എന്നെ തനിച്ചാക്കി നിങ്ങൾ പോയില്ലേ....വിതുമ്പുന്ന ചുണ്ടുകളിൽ നിന്നും അടർന്നു വീഴുന്ന അമ്മ റജീനയുടെ വാക്കുകളിൽ നാടും വിതുമ്പി.വിറയ്ക്കുന്ന കൈകൾ കൊണ്ട് മക്കളുടെ മുഖത്ത് തൊടാനുള്ള ശ്രമം ബന്ധുക്കൾ തടഞ്ഞു.
കരച്ചിൽ അലർച്ച ആവുകയും ബോധം മറഞ്ഞ് തറയിൽ കുഴഞ്ഞു വീഴുകയും ചെയ്ത റജീനയെ ബന്ധുക്കൾ താങ്ങി അകത്ത് കൊണ്ടു പോയി. ഇന്നലെ രാവിലെ വരെയും മക്കളെ കാണാനില്ലെന്നും ഉടൻ എത്തുമെന്നും ഉള്ള വാക്കുകൾ കേട്ട് ആശ്വസിച്ച് ഇരുന്ന റജീനക്ക് മൂന്ന് പേരുടെയും വേർപാട് സഹിക്കാനായില്ല. വി.ജോയി എംഎൽഎ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ള ധാരാളം പേർ അന്തിമോപചാരം അർപ്പിക്കാനെത്തി.


0 Comments