മൃതശരീരം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാൽ മരിച്ചയാളുടെ വയസ് എത്രയെന്ന് പറയാനാകില്ലെന്നാണ് ഓട്ടോപ്സി ടീം അംഗം ഡോ. അജയ് നഗര്‍ അറിയിച്ചത്. ശനിയാഴ്ചയുണ്ടായ തീപിടുത്തതിലാണ് ഇയാൾ മരിച്ചതെന്നു മാത്രം പറയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബറേലി: കത്തിനശിച്ച കടയില്‍ നിന്നും കണ്ടെത്തിയ ശരീര അവശിഷ്ടങ്ങൾ മൃഗത്തിന്‍റെതെന്ന് കരുതി ഉപേക്ഷിച്ച് കടയുടമ. എന്നാൽ പിന്നീട് വിദഗ്ധ പരിശോധനയിൽ അത് ഒരു പുരുഷന്‍റെതാണെന്ന് തെളിഞ്ഞു. കടയിൽ മോഷ്ടിക്കാൻ കയറിയ ആരോ അഗ്നിക്കിരയായതാകാമെന്ന സംശയത്തിൽ പൊലീസ്.
യുപിയിലെ ബരേലിയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മുഹമ്മദ് നയീം എന്നയാളുടെ മൊബൈൽ ഷോപ്പിന് തീപിടിച്ചത്. റോസ ഠൗണിലെ ഷാജഹാന്‍പുരിലായിരുന്നു ഇയാളുടെ കട. തീപിടുത്തത്തിന്‍റെ വിവരം അറിഞ്ഞ് നയീം പാഞ്ഞെത്തിയപ്പോഴേക്കും എല്ലാം പൂർണ്ണമായും കത്തിയ നിലയിലായിരുന്നു.
കത്തിക്കരിഞ്ഞ ഫോണുകൾക്കും മറ്റ് കെട്ടിടാവശിഷ്ടങ്ങൾക്കും ഇടയിൽ നിന്നും എന്താണെന്ന് തിരിച്ചറിയാൻ പോലുമാകാത്ത അവസ്ഥയിൽ കത്തിക്കരിഞ്ഞ ഒരു ശരീരത്തിന്‍റെ അവശിഷ്ടങ്ങളും നയീം കണ്ടെത്തി. കടയ്ക്കുള്ളിലകപ്പെട്ട ഏതോ മൃഗം വെന്തുമരിച്ചതാകാമെന്ന സംശയത്തിൽ അത് ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഭയാനകമായ എന്തോ നടന്നിട്ടുണ്ടെന്ന സംശയം ഉയർന്നു.
ശരീരാവശിഷ്ടങ്ങൾ മൃഗത്തിന്‍റെ അല്ലെന്നും ഏതോ മനുഷ്യന്‍റെത് ആണെന്നുമായിരുന്നു സംശയം. വെറ്ററിനറി വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഈ സംശയം ശരിയാണെന്ന് തെളിയുകയും ചെയ്തു. ഇതോടെയാണ് കടയിൽ മോഷ്ടിക്കാൻ കയറിയാ ആരോ ആണ് ഇത്തരത്തിൽ ദാരുണമായി കൊല്ലപ്പെട്ടതെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. പൊലീസ് പറയുന്ന സാധ്യതകൾ അനുസരിച്ച് കടയുടെ അലൂമിനിയം മേൽക്കൂര തകർത്ത് അകത്തു കടക്കാൻ ശ്രമിക്കുന്നതിനിടെ പവർ ലൈനിൽ തട്ടി ഇയാൾക്ക് വൈദ്യുതാഘാതമേറ്റതാകാം. ഇതു തന്നെയാകാം അഗ്നിബാധയ്ക്കും ഇടയാക്കിയത്.
'മൃഗത്തിന്‍റെതെന്ന് കരുതിയാണ് കടയുടമ മൃതദേഹം ഉപേക്ഷിച്ചത് എന്നാൽ പിന്നീട് അത് മനുഷ്യന്‍റെതാണോയെന്ന് സംശയം ഉയർന്നതിനെ തുടർന്ന് ഞങ്ങൾ ആ ശരീരം കണ്ടെടുക്കുകയായിരുന്നു' റോസ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ രാജേന്ദർ ബഹാദുര്‍ പറയുന്നു. ഏതെങ്കിലും വ്യക്തിയെ കാണാനില്ലെന്ന് കാട്ടി ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ല. കടയുടമയുടെ ഭാഗവും അന്വേഷണവിധേയമാക്കുന്നുണ്ട്. അയാളെയും വിശദമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
മൃതശരീരം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാൽ മരിച്ചയാളുടെ വയസ് എത്രയെന്ന് പറയാനാകില്ലെന്നാണ് ഓട്ടോപ്സി ടീം അംഗം ഡോ. അജയ് നഗര്‍ അറിയിച്ചത്. ശനിയാഴ്ചയുണ്ടായ തീപിടുത്തതിലാണ് ഇയാൾ മരിച്ചതെന്നു മാത്രം പറയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


0 Comments