Ticker

6/recent/ticker-posts

വാളയാർ പീഡനക്കേസ്: പ്രതികളെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കി, പുനർവിചാരണയ്‌ക്ക് അനുമതി


കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ വിചാരണക്കോടതി വിധി ഹെെക്കോടതി റദ്ദാക്കി. പ്രതികളെ വെറുതെവിട്ട വിചാരണക്കോടതിയുടെ ഉത്തരവാണ് ഹെെക്കോടതി റദ്ദാക്കിയത്. സർക്കാരിന്റെയും ഇരകളുടെ മാതാവിന്റെയും ഹർജികളിലാണ് ഹെെക്കോടതി വിധി. സർക്കാരിന്റെയും രക്ഷിതാക്കളുടെയും അപ്പീൽ അംഗീകരിച്ച ഹെെക്കോടതി പുനർവിചാരണയ്‌ക്ക് ഉത്തരവിട്ടു. എന്നാൽ, സിബിഐ അന്വേഷണം വേണമെന്ന പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

അതേസമയം, പുനരന്വേഷണത്തിനു വിചാരണ കോടതിയെ സമീപിക്കാമെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു. കേസിൽ പുനരന്വേഷണം വേണമെന്നാണ് വാളയാർ സമരസമിതിയുടെ ആവശ്യം.

ഈ മാസം 20 ന് പ്രതികൾ സെഷൻസ് കോടതിയിൽ കീഴടങ്ങണം. തെളിവില്ലെന്ന് കണ്ട് പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന സർക്കാരിന്റെ അപ്പീൽ ഹെെക്കോടതി ഡിവിഷൻ ബഞ്ചാണ് അനുവദിച്ചത്. ജസ്റ്റിസുമാരായ എ.ഹരിപ്രസാദും എം.ആർ.അനിതയും അടങ്ങുന്ന ബഞ്ചാണ് സർക്കാരിന്റെ ആവശ്യങ്ങൾ അനുവദിച്ച് ഉത്തരവിട്ടത്.

വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടതിനെ തുടർന്ന് നീതി ഉറപ്പാക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പുനർവിചാരണയും ആവശ്യമെങ്കിൽ തുടരന്വേഷണവും വേണമെന്നാണ് സക്കാർ ആവശ്യപ്പെട്ടത്. അന്വേഷണത്തിലും വിചാരണയിലും പിഴവ് ഉണ്ടായെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

പൊലീസിനും പ്രോസിക്യൂഷനും വിചാരണക്കോടതിക്കും വീഴ്‌ചയുണ്ടായി. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡിഎൻഎ അടക്കമുള്ള തെളിവുകൾ ശേഖരിച്ചില്ല. പ്രധാനപ്പെട്ട സാക്ഷി മൊഴികളും മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴികളും വിചാരണക്കോടതിയിൽ എത്തിച്ചില്ല. കേസിലെ പ്രധാന സാക്ഷിയായ ഇളയ പെൺകുട്ടിക്ക് സംരക്ഷണം നൽകിയില്ല. പോക്സോ നിയമപ്രകാരം പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതായിരുന്നു. കേസിലെ സാഹചര്യം മേലധികാരികളേയോ സർക്കാരിനേയോ അറിയിച്ചില്ല. ഇളയകുട്ടി മരണപ്പെട്ടതോടെ കേസിലെ പ്രധാന സാക്ഷി തന്നെ ഇല്ലാതായി. പ്രോസിക്യൂഷന്റെ ഭാഗത്തും ഗുരുതര പിഴവുകൾ ഉണ്ടായി. തുടങ്ങിയ കാരണങ്ങൾ സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും സാക്ഷികളെയും വേണ്ട വിധം ഹാജരാക്കിയില്ല. സാക്ഷികളെ തെരഞ്ഞെടുക്കുന്നതിലും വിസ്തരിക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടു. പ്രധാന സാക്ഷികളേയും രഹസൃ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റിനെയും വിസ്തരിച്ചില്ല. പ്രോസിക്യൂഷൻ അന്വേഷണ ഉദ്യോഗസ്ഥരുമായും സഹകരിച്ചില്ല. വിസ്താര സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യം കോടതിയിൽ ഉറപ്പാക്കിയില്ല. കൂറു മാറിയ സാക്ഷികളുടെ എതിർ വിസ്താരം നടത്തിയില്ല.

വിചാരണക്കോടതിയുടെ ഭാഗത്തും ഗുരുതര പിഴവുകൾ ഉണ്ടായി. പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്‌ച ഉണ്ടായപ്പോൾ കോടതി ഇടപെടണമായിരുന്നു, അതുണ്ടായില്ല. സാക്ഷികൾ കൂറുമാറിയപ്പോൾ തെളിവു നിയമത്തിലെ 165-ാം വകുപ്പു പ്രകാരം സാക്ഷി വിസ്താരത്തിനിടെ കോടതി ഇടപെടണമായിരുന്നു. കോടതി ഉത്തരവാദിത്തം നിർവഹിച്ചില്ല. തെളിവെടുപ്പിനിടെ അനാവശ്യ നിരീക്ഷണങ്ങൾ നടത്തി. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ വിധിന്യായത്തിൽ വന്നെന്നും നീതിനിർവഹണത്തിൽ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കിൽ കേസിന്റെ വിധി ഇങ്ങനെ ആവുമായിരുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

പ്രായപൂർത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികൾ. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാർ എന്നിവരാണ് പ്രധാന പ്രതികൾ. ഇതിൽ പ്രദീപ് കുമാർ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു.

വാളയാറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ശേഷംകൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരിയിലാണ് കുട്ടികളെ തുങ്ങി മരിച്ച നിലയിൽ കണ്ടത്.

Post a Comment

0 Comments