Ticker

6/recent/ticker-posts

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാ‌ക്‌സിന്‍ ഡ്രൈ റണ്‍ ആരംഭിച്ചു; ഒരുക്കങ്ങള്‍ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രി


 ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയയ്‌ക്കുള‌ള ഒരുക്കങ്ങള്‍ പരിശോധിക്കുന്നതിനുള‌ള രണ്ടാം ഘട്ട ഡ്രൈ റണ്‍ ഉത്തര്‍പ്രദേശിലും ഹരിയാനയിലും ഒഴികെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഓരോ ജില്ലകളിലും ആരംഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍ ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഡ്രൈ റണ്‍ നടക്കുന്നയിടത്ത് സന്ദര്‍ശിച്ച്‌ ഒരുക്കങ്ങള്‍ വിലയിരുത്തി.

തമിഴ്‌നാട് സര്‍ക്കാര്‍ കൊവിഡ് വാക്‌സിനേഷനായി നടത്തിയ ഒരുക്കങ്ങളില്‍ മന്ത്രി തൃപ്‌തി അറിയിച്ചു. കുറഞ്ഞ സമയം കൊണ്ടാണ് രാജ്യത്ത് വാക്‌സിന്‍ വികസിപ്പിച്ചതെന്നും ഇനി ദിവസങ്ങള്‍ക്കകം രാജ്യത്തെ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. 'ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്‍നിര ജീവനക്കാര്‍ക്കും ആദ്യം വാക്‌സിന്‍ നല്‍കും. തുടര്‍ന്ന് അന്‍പത് വയസിന് മുകളിലുള‌ളവര്‍ക്കും വാ‌ക്‌സിന്‍ നല്‍കും.' ആരോഗ്യമന്ത്രി അറിയിച്ചു. ആദ്യഘട്ടത്തില്‍ രാജ്യത്തെ 125 ജില്ലകളിലാണ് ഡ്രൈ റണ്‍ നടത്തിയത്. ഇത്തവണ രാജ്യമാകെ നടത്തുന്നുണ്ട്. മന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയിലെ ഗവണ്‍‌മെന്റിതര സ്ഥാപനങ്ങളോടും കൊവിഡ് പ്രതിരോധത്തിന് മുന്നിട്ടിറങ്ങാന്‍ ഡോ.ഹര്‍ഷ വ‌ര്‍ദ്ധന്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് രോഗമരണനിരക്ക് കുറവും രോഗമുക്തി നിരക്ക് കൂടുതലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. മാര്‍ച്ച്‌ മാസത്തില്‍ രോഗം തിരിച്ചറിയാന്‍ രാജ്യത്ത് ഒരൊറ്റ ലാബാണ് ഉണ്ടായിരുന്നത് എന്നാല്‍ ഇന്ന് 2300 ലാബുകളുണ്ട്.

കഴിഞ്ഞ ഞായറാഴ്‌ചയാണ് രാജ്യത്ത് ആദ്യ കൊവിഡ് വാക്‌സിന് അനുമതി നല്‍കിയത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ആസ്‌ട്ര സെനെക്കയും ചേര്‍ന്ന് നിര്‍മ്മിച്ച കൊവിഷീല്‍ഡ് വാക്‌സിനാണ് ആദ്യമായി അനുമതി ലഭിച്ചത്. തുടര്‍ന്ന് അടിയന്തര ഉപയോഗത്തിന് ഭാരത് ബയോടെകിന്റെ കൊവാ‌ക്‌സിനും അനുമതി ലഭിച്ചു.


Disclaimer: This story is auto-aggregated by a computer program and has not been created or edited by Keralampage. Publisher: Kerala Kaumudi

Post a Comment

0 Comments