Ticker

6/recent/ticker-posts

ഡ്രൈവിങ് ടെസ്റ്റിൽ പാസായി: സന്തോഷത്തിൽ വീട്ടിലേക്ക്; ദുരന്തമായി യാത്ര


 വടക്കാഞ്ചേരി പാർളിക്കാട് വ്യാസ കോളജ് സ്റ്റോപ്പിൽ നടന്ന അപകടത്തിന്റേയും, ദുരന്തത്തിന്റേയും ഞെട്ടൽ മാറിയിട്ടില്ല ചേലക്കര കാളിയാ റോഡ് നിവാസികൾക്ക്. ദുബായിയിൽ ജോലി ചെയ്യുന്ന ചെമ്മനാംകുന്നേൽ വീട്ടിൽ ശശികുമാറിന്റെ മകൻ സനോജ് (22) നാടിന്റെ പ്രിയപ്പെട്ടവനായിരുന്നു. സി.എ പഠനം പൂർത്തിയാക്കിയ സനോജ് ചേലക്കരയിലെ ഒരു സ്ഥാപനത്തിൽ സൂപ്പർ വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയിലാണ് ഡ്രൈവിങ് പഠനം പൂർത്തിയാക്കിയത്. ഇന്നലെയായിരുന്നു ടെസ്റ്റ്. കാലത്ത് അത്താണിയിലെ ഗ്രൗണ്ടിലേക്ക് ഓട്ടോറിക്ഷയിലാണ് സനോജ് എത്തിയത്. തിരിച്ച് ബസിൽ പോകാനായിരുന്നു തീരുമാനം. 

ടെസ്റ്റ് വിജയിച്ചതിന്റെ വലിയ ആഹ്ലാദത്തിലായിരുന്നു 22 കാരൻ. വീട്ടുകാരെയും, കൂട്ടുകാരെയുമൊക്കെ വിവരം വിളിച്ചറിയിക്കുകയും ചെയ്തു. മടങ്ങാൻ നിൽക്കുന്നതിനിടയിലാണ് ചേലക്കര പങ്ങാരപ്പിള്ളി സ്വദേശി ഗോപാലകൃഷ്ണൻ (47) നെ പരിചയപ്പെടുന്നത്. ബൈക്കിൽ ഇദ്ദേഹത്തോടൊപ്പം തിരിക്കാൻ തീരുമാനിക്കുകയും ചെയ്തു. മിണാലൂർ ഗ്രൗണ്ടിൽ നിന്ന് ഒരു കിലോമീറ്ററോളം യാത്ര ചെയ്തപ്പോഴേക്കും ജീവിതയാത്ര അവസാനിച്ചു.

സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടയിൽ ഹാർബറിലേക്ക് അസംസ്കൃത വസ്തുവുമായെത്തിയ ടോറസ് ലോറി ബൈക്കിലേക്ക് ഓടി കയറുകയായിരുന്നു. പുറകിൽ യാത്ര ചെയ്തിരുന്ന സനോജ് ടോറസിനടിയിലേക്ക് തെറിച്ചു. ഗോപാലകൃഷ്ണൻ റോഡിൽ വീണു ബൈക്ക് പൂർണ്ണമായും തകർന്നു. ഓടി കൂടിയെത്തിയവർ ഇരുവരേയും മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും സനോജിന്റെ മരണം സ്ഥിരീകരിച്ചു. പിതാവ് ദുബായിയിൽ നിന്ന് നാട്ടിലെത്തും. ഇന്ന് മൃതദേഹത്തിന്റെ പോസ്റ്റ് മോർട്ടം നടക്കും. കാളിയാ റോഡ് പള്ളി ജാറത്തിനടുത്താണ് സനോജിന്റെ വീട്. മാതാവ് സ്വപ്നയേയും ഏകസഹോദരി നന്ദനയേയും ആശ്വസിപ്പിക്കാനാകാതെ കണ്ണീർ വാർക്കുകയാണ് കാളിയാ റോഡ് നിവാസികൾ.

Post a Comment

0 Comments