Ticker

6/recent/ticker-posts

പട്ടയഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയത്, രാജൻ കൈയേറി; തഹസിൽദാറുടെ റിപ്പോർട്ട്


 തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്ന് തഹസിൽദാറുടെ റിപ്പോർട്ട്. ഭൂമി രാജൻ കൈയേറിയെന്നും റിപ്പോർട്ടിൽ പറയുന്നു. സുഗന്ധിയിൽ നിന്ന് വില കൊടുത്ത് വാങ്ങിയതാണ് ഭൂമി. പുറമ്പോക്ക് ആണെന്ന വാദം തെറ്റാണ്. എന്നാൽ, ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതിന്റെ സാധുത സർക്കാർ പരിശോധിക്കണമെന്നും തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറി.

നെയ്യാറ്റിൻകരയിലെ തർക്ക ഭൂമിക്ക് പട്ടയമുണ്ടെന്ന് വസന്ത നേരത്തെ പറഞ്ഞിരുന്നു. തർക്ക ഭൂമിക്ക് പട്ടയമുണ്ടെന്നും ഇത് സുകുമാരൻ നായർ എന്നയാളുടെ പേരിലാണെന്നും വസന്ത പറഞ്ഞു. കോളനി നിയമപ്രകാരം ഒരാള്‍ക്ക് പട്ടയം കൊടുക്കുമ്പോള്‍ ആദ്യ ഉടമയുടെ പേരിലാണ് കൊടുക്കുക. എന്നാല്‍ പട്ടയം ആര്‍ക്ക് വേണണെങ്കിലും ക്രയവിക്രയം ചെയ്യാമെന്ന് വ്യവസ്ഥയുണ്ടെന്നും വസന്ത പറഞ്ഞിരുന്നു.

“സുകുമാരന്‍ നായര്‍ എന്നയാളുടെ പേരിലായിരുന്നു പിന്നീട് അത് സുഗന്ധി എന്ന സ്ത്രീ അത് വാങ്ങി. സുഗന്ധിയുടെ മകളുടെ കല്ല്യാണ ആവശ്യത്തിന് വേണ്ടി സുഗന്ധിക്ക് താന്‍ പണം നല്‍കി, സ്ഥലം എന്റെ പേരിലായി. കഴിഞ്ഞ 15 വര്‍ഷമായി തണ്ടപ്പേരും പോക്കുവരവും നികുതിയുമെല്ലാം എന്റെ പേരിലാണ്. എല്ലാ രേഖകളും എന്റെ പക്കലുണ്ട്. വില്ലേജ് ഓഫീസില്‍ പോയി പരിശോധിച്ചാല്‍ അറിയാം,” വസന്ത പറഞ്ഞിരുന്നു.

കോളനിക്കാര്‍ തന്റെ സ്ഥലത്തേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. ഒമ്പതര സെന്റ് സ്ഥലമാണ് ഇവിടെയുള്ളത്. പുറമ്പോക്ക് വസ്തുവാണെന്ന് കാണിക്കാനാണ് രാജനും കോളനിക്കാരും ശ്രമിച്ചത്. ഇതിനെതിരേയാണ് തന്റെ പോരാട്ടമെന്നും വസന്ത പറഞ്ഞിരുന്നു.

നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍ സ്ഥലം കൈയേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്ത നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിൽ കഴിയവെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽവച്ച് രാജനും ഭാര്യ അമ്പിളിയും മരണത്തിനു കീഴടങ്ങിയത്.

Post a Comment

0 Comments