
ഫെയ്സ്ബുക് ലൈവിൽ ആത്മഹത്യക്ക് ശ്രമിച്ച മുംബൈ സ്വദേശിയെ രക്ഷിച്ചത് അയർലൻഡിൽ നിന്ന് മുംബൈയിലേക്കു വിളിച്ച കോൾ. മുംബൈയിൽ നിന്നുള്ള 23 കാരൻ ലൈവിൽ ആത്മഹത്യക്ക് ശ്രമിക്കുന്നത് അയർലൻഡിലെ ഫെയ്സ്ബുക് ഓഫിസ് അധികൃതർ നേരത്തെ കണ്ടെത്തുകയും സംഭവം മുംബൈ പൊലീസിനെ അറിയിക്കുകയുമായിരുന്നു. കഴുത്തിൽ മുറിവേൽപ്പിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. യുവാവ് ആത്മഹത്യ ചെയ്യുന്ന വിവരം ഫെയ്സ്ബുക്കിന്റെ സാങ്കേതിക വിദ്യ വഴി അറിയുകയും ഓഫിസ് അധികൃതർ പെട്ടെന്ന് തന്നെ പൊലീസിനെ അറിയിക്കുകയുമായിരുന്നു. വിളിച്ച് 50 മിനിറ്റിനുള്ളിൽ പൊലീസ് വീട്ടിലെത്തി യുവാവിനെ രക്ഷിച്ചു.
ഞായറാഴ്ച രാത്രി 8.10 ഓടെയാണ് മുംബൈയിൽ നിന്നുള്ള ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതെന്നും ഫെയ്സ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതെന്നും മുംബൈ പൊലീസ് സൈബർ ഡിസിപി രശ്മി കരണ്ടിക്കറിന് അയർലൻഡിലെ ഫെയ്സ്ബുക് ആസ്ഥാനത്ത് നിന്ന് കോൾ ലഭിച്ചത്.
കോൾ ലഭിച്ച് 20 മിനിറ്റിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചയാളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞു. ആദ്യ 10 മിനിറ്റിനുള്ളിൽ ഞങ്ങൾക്ക് സ്ഥലം കണ്ടെത്താനായി, ധൂലെയിലെ കെട്ടിടവും തിരിച്ചറിഞ്ഞു. ഉടനെ തന്നെ ധൂലെയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറുകയായിരുന്നു എന്നും ഡിസിപി രശ്മി പറഞ്ഞു.

0 Comments