ആലുവ∙ കേരളത്തെ നടുക്കിയ കൂട്ടക്കൊലയ്ക്കു നാളെ 20 വയസ്സ്. 2001 ജനുവരി 6നു ആലുവ നഗരമധ്യത്തിലെ മാഞ്ഞൂരാൻ വീട്ടിലാണു വയോധികയും 2 കുട്ടികളും ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടത്. 200 മീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിൽ ഇതറിഞ്ഞതു പിറ്റേന്ന് അർധരാത്രി മാത്രം. കേസിലെ ഏക പ്രതി, 17 വർഷമായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന എം.എ. ആന്റണി അപ്പോഴേയ്ക്കും ഡ്രൈവർ ജോലിക്കായി ദമാമിൽ എത്തിയിരുന്നു.
കൂട്ടക്കൊല നടന്ന വീട് 10 വർഷത്തിനു ശേഷം പൊളിച്ചുനീക്കി. കാടുകയറിയ ഭൂമിയും തുരുമ്പെടുത്ത ഗേറ്റും 2 തൂണുകളും മാത്രമാണ് അവിടെ ശേഷിക്കുന്നത്. മരിച്ച കുടുംബനാഥൻ അഗസ്റ്റിനു സ്വകാര്യ ബാങ്കിൽ ഉണ്ടായിരുന്ന ലക്ഷങ്ങളുടെ നിക്ഷേപം കോടികളിലേക്കു വളർന്നു. വീട്ടിൽ നിന്നും ബാങ്ക് ലോക്കറിൽ നിന്നും പൊലീസ് കണ്ടെടുത്ത സ്വർണാഭരണങ്ങൾ കോടതിയിലാണ്. കേസ് തീർന്നിട്ടും അവകാശികൾ പണവും സ്വർണവും തിരികെ വാങ്ങിയിട്ടില്ല.
അറസ്റ്റ് നടന്നതു മുംബൈയിൽ
ആലുവ സിറിയൻ ചർച്ച് റോഡ് വത്തിക്കാൻ സ്ട്രീറ്റിലെ വീട്ടിൽ ഭാര്യയ്ക്കും മകനും ഒപ്പം താമസിച്ചിരുന്ന ആന്റണി നഗരസഭയിൽ താൽക്കാലിക ഡ്രൈവറായിരുന്നു. ഇയാൾക്കു വിദേശത്തു പോകാൻ കൊച്ചുറാണി വാഗ്ദാനം ചെയ്ത പണം നൽകാത്തതിലുള്ള വൈരാഗ്യമാണു കൂട്ടക്കൊലയിൽ കലാശിച്ചതെന്നാണു പൊലീസ് കണ്ടെത്തൽ. സംഭവ ദിവസം രാത്രി 9ന് ആന്റണി പണം തേടി അവിടെ എത്തി.
അൽപം കഴിഞ്ഞപ്പോൾ അഗസ്റ്റിനും ഭാര്യയും മക്കളും സെക്കൻഡ് ഷോയ്ക്കു പോയി. പണം കിട്ടാതിരുന്നതിനെ തുടർന്ന് ആന്റണി കൊച്ചുറാണിയെയും തടയാനെത്തിയ ക്ലാരയെയും വെട്ടിക്കൊന്നു എന്നാണു കേസ്. വിവരം പുറത്തു വരാതിരിക്കാൻ അഗസ്റ്റിനും കുടുംബവും സിനിമ കഴിഞ്ഞ് എത്തുന്നതു വരെ കാത്തുനിന്ന് അവരെയും കൊലപ്പെടുത്തിയെന്നാണു കുറ്റപത്രത്തിലുള്ളത്.
പിറ്റേന്നു പുലർച്ചെ ട്രെയിനിൽ മുംബൈയിലേക്കും അവിടെ നിന്നു ദമാമിലേക്കും പോയ ആന്റണിയെ ഭാര്യയെക്കൊണ്ടു ഫോൺ ചെയ്തു വരുത്തി ഫെബ്രുവരി 18നു മുംബൈ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടക്കാലത്തു ജാമ്യത്തിലിറങ്ങിയ ആന്റണി 3 വർഷം ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിലെ കടയിൽ ജോലി ചെയ്തു. തൃക്കാക്കരയിൽ അധ്യാപികയായിരുന്ന ഭാര്യയും മകനും ഇതിനിടെ തമിഴ്നാട്ടിലേക്കു താമസം മാറ്റി. ഇവരുടെ വീടും സ്ഥലവും ഒരു ബന്ധു വാങ്ങി.
മോചനത്തിന് തടസ്സം
ആന്റണിയുടെ വധശിക്ഷ 2006 സെപ്റ്റംബർ 18നു ഹൈക്കോടതി ശരിവച്ചു. നവംബർ 13നു സുപ്രീം കോടതി ഇതു സ്റ്റേ ചെയ്തെങ്കിലും 2009ൽ അംഗീകരിച്ചു. തുടർന്നു നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതിയും ദയാഹർജി രാഷ്ട്രപതിയും തള്ളിയതോടെ പൂജപ്പുര ജയിലിൽ ആന്റണിക്കായി കഴുമരം ഒരുങ്ങി. ആരാച്ചാർമാരെ തമിഴ്നാട്ടിൽ പരിശീലനത്തിന് അയച്ചു. 38 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു പൂജപ്പുരയിൽ വധശിക്ഷയ്ക്കുള്ള തയാറെടുപ്പുകൾ നടന്നത്. ഇതിനിടെ, 2014ൽ വധശിക്ഷയ്ക്ക് എതിരായ പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആർ.എം. ലോധ പുറപ്പെടുവിച്ച ഉത്തരവാണ് ആന്റണിയ്ക്കു തൂക്കുകയറിൽ നിന്നു മോചനത്തിനു വഴിയൊരുക്കിയത്.
2018 ഡിസംബർ 11ന് ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചു. വധശിക്ഷ വിധിച്ചതിനെ തുടർന്ന് 13 വർഷം ഏകാന്ത തടവിലായിരുന്ന ആന്റണിക്ക് ഇപ്പോൾ ജയിലിൽ ചെറിയ ജോലിയുണ്ട്. സന്ദർശകർ വരുമ്പോൾ തടവുകാരെ സെല്ലിൽ ചെന്നു കൂട്ടിക്കൊണ്ടു വരുന്ന ജോലി. 17 വർഷം ശിക്ഷ അനുഭവിച്ചതിന്റെ ആനുകൂല്യത്തിൽ ജയിൽ മോചിതനാകാൻ ആന്റണി ശ്രമിക്കുന്നുണ്ട്. ജയിൽ, നിയമ വകുപ്പുകൾ 3 തവണ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോഴും ആന്റണി പുറത്തിറങ്ങുന്നത് അപകടമാണെന്ന മുന്നറിയിപ്പാണു റൂറൽ ജില്ലാ പൊലീസ് നൽകിയത്. ഇതു തന്നെയാണു മോചനത്തിനുള്ള പ്രധാന വിലങ്ങുതടിയും. അതേസമയം, ആന്റണിയെ സ്വീകരിക്കാൻ തയാറാണെന്നു വീട്ടുകാർ പറഞ്ഞു.
സിബിഐ കേസിലെ ആദ്യ വധശിക്ഷ
ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ മാഞ്ഞൂരാൻ ഹാർഡ്‌വെയേഴ്സ് നടത്തിയിരുന്ന മാഞ്ഞൂരാൻ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെസ്മോൻ (14), ദിവ്യ (12), അഗസ്റ്റിന്റെ അമ്മ ക്ലാര (74), സഹോദരി കൊച്ചുറാണി (42) എന്നിവർ സെന്റ് മേരീസ് എൽപി സ്കൂളിനു സമീപം പൈപ്പ് ലൈൻ റോഡിലെ വീട്ടിലാണു കൊല്ലപ്പെട്ടത്. കേസ് അന്വേഷിച്ച ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും മരിച്ച അഗസ്റ്റിന്റെ ബന്ധുവും അവിടെ സ്ഥിരം സന്ദർശകനുമായിരുന്ന ആന്റണിയെ കുറ്റക്കാരനായി കണ്ടെത്തി.
മരിച്ച ബേബിയുടെ വീട്ടുകാർ കൂടുതൽ പ്രതികളുണ്ടെന്നു സംശയം പ്രകടിപ്പിച്ചതിനെ തുടർന്നു ഹൈക്കോടതി കേസ് സിബിഐയ്ക്കു വിട്ടു. അവരുടെ അന്വേഷണവും ആന്റണിയിൽ തന്നെ അവസാനിച്ചു. സിബിഐ ജഡ്ജി ആയിരുന്ന ജസ്റ്റിസ് ബി. കെമാൽപാഷ 2005 ഫെബ്രുവരി 2ന് ആന്റണിക്കു വധശിക്ഷ വിധിച്ചു. കേസിൽ 77 സാക്ഷികളെ വിസ്തരിച്ചു. 90 രേഖകളും 94 തൊണ്ടി സാധനങ്ങളും ഹാജരാക്കി. കേരളത്തിൽ സിബിഐ അന്വേഷിച്ച കേസുകളിൽ ആദ്യം വധശിക്ഷ ലഭിച്ച കേസാണിത്.




0 Comments