ന്യൂഡൽഹി∙ ഓക്സ്ഫഡ് സർവകലാശാലയും മരുന്നുനിർമാണ കമ്പനിയായ അസ്ട്രാസെനകയും ചേർന്നു നിർമിക്കുന്ന വാക്സീന് അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് നൽകുക. ഇന്ത്യയിൽ മരുന്ന് ഉൽപ്പാദിപ്പിക്കുന്ന പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് (എസ്ഐഐ) സമർപ്പിച്ച ഡേറ്റ ‘തൃപ്തികര’മാണെന്ന് കേന്ദ്രം വിലയിരുത്തിയതായി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സീറം ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പിച്ച ഡേറ്റ അവലോകനം ചെയ്തു കഴിഞ്ഞാൽ പിന്നീട് വാക്സീന് അനുമതി ലഭിക്കുന്നതു വൈകില്ല. യുകെയുടെ മെഡിസിൻസ് ആൻഡ് ഹെൽത്‌കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ (എംഎച്ച്ആർഎ) അനുമതി ലഭിക്കാനായി ഇന്ത്യ കാത്തിരിക്കില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
വാക്സീന് അനുമതി നൽകുന്ന കാര്യത്തിൽ എംഎച്ച്ആർഎയും പരിശോധനകൾ തുടരുകയാണെന്നും അധികം വൈകാതെ തന്നെ ഓക്സ്ഫഡ് – അസ്ട്രാസെനക വാക്സീന് യുകെയും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയേക്കുമെന്നാണ് അവിടെനിന്നു ലഭിക്കുന്ന സൂചനകൾ. ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിലാണ് ഈ വാക്സീൻ പുറത്തിറങ്ങുക.
ഇതുകൂടാതെ യുഎസിൽ ഉപയോഗിക്കുന്ന ഫൈസർ വാക്സീനും ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കിന്റെ കോവാക്സീനും ഇന്ത്യയിലെ അടിയന്തര ഉപയോഗ അനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.


0 Comments