കൊല്ലം ∙ നഗരത്തിനു നടുവിൽ അപകടകരമാ യി അഭ്യാസം നടത്തിയ യുവാവും ബൈക്കും ഒടുവിൽ പൊലീസിന്റെ കെണിയിൽ കുടുങ്ങി. കിളികൊല്ലൂർ മാനവനഗർ സ്വദേശി ശ്രീജിത്തിനെ(24)യാണു ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ബൈക്കും പിടിച്ചെടുത്തു. കഴിഞ്ഞ കുറച്ചു നാളുകളായി ആശ്രാമം മൈതാനത്തു രൂപമാറ്റം വരുത്തിയ ബൈക്കിൽ അഭ്യാസങ്ങൾ കാണിച്ചിരുന്ന ശ്രീജിത്തിനെതിരെ ഒട്ടേറെ പരാതികൾ പൊലീസിനു ലഭിച്ചിരുന്നു. കമ്മിഷണർ ടി.നാരായണന്റെ പ്രത്യേക നിർദേശ പ്രകാരം പ്രത്യേക പരിശോധനയ്ക്കായി സംഘത്തെ നിയോഗിക്കുകയായിരുന്നു.
പൊലീസ് എത്തുമ്പോൾത്തന്നെ ഇവിടെ നിന്നു മുങ്ങുകയായിരുന്നു ഇയാളുടെ രീതി. തുടർന്നു രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിലാണു ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞത്. വിശദമായ അന്വേഷണം ആരംഭിച്ചതോടെ ബൈക്ക് മട്ടാഞ്ചേരി സ്വദേശിയുടെ പേരിലുള്ളതാണെന്നു കണ്ടെത്തി. ഇയാളിൽ നിന്നു കൂടുതൽ വിവരം ശേഖരിച്ചതോടെയാണു ശ്രീജിത്തിനു കുരുക്കു മുറുകിയത്. ഏതാനും മാസങ്ങൾക്കു മുൻപു വാങ്ങിയ ബൈക്കിന്റെ ഉടമയുടെ പേരു മാറാതെയാണ് ശ്രീജിത്ത് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു.
പിടിയിലാകുമ്പോൾ ബൈക്കിന് ഇൻഷുറൻസും ഇല്ലായിരുന്നു. ഇയാൾ മൈതാനത്തു നടത്തുന്ന അഭ്യാസങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇവയും തെളിവുകളായി പൊലീസ് ശേഖരിച്ചിട്ടുണ്ട്. അപകടകരമായി വാഹനം ഓടിച്ചതിനും രൂപമാറ്റം വരുത്തിയ ബൈക്ക് ഉപയോഗിച്ചതിനുമാണു കേസ്. ബൈക്ക് പിടിച്ചെടുത്തു കോടതിക്കു കൈമാറി. ശ്രീജിത്തിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടർ വാഹന വകുപ്പിന്റെ സഹായം തേടിയിട്ടുണ്ടെന്നു ട്രാഫിക് എസ്ഐ പി.പ്രദീപ് പറഞ്ഞു.
ലൈറ്റില്ല, ക്ലച്ചില്ല, ഇൻഡിക്കേറ്ററുമില്ല!
അഭ്യാസം നടത്തിയതിനു പിടിച്ചെടുത്ത ബൈക്ക് കണ്ട് പൊലീസുകാർ ഞെട്ടി. ഇത്രയും രൂപമാറ്റം വരുത്തിയ ബൈക്ക് ആദ്യമായാണ് പിടികൂടുന്നതെന്നു പൊലീസ് പറയുന്നു. ഹെഡ് ലാംപ് ഇല്ല. പകരം ലോഹത്തകിടാണു ഘടിപ്പിച്ചിരിക്കുന്നത്. ടെയിൽ ലാംപ്, ഇൻഡിക്കേറ്റർ എന്നിവയുമില്ല. ക്ലച്ച് ലീവർ പോലും രൂപമാറ്റം വരുത്തി. അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസറാണു ഘടിപ്പിച്ചിരുന്നത്. അഭ്യാസ പ്രകടനത്തിനിടെ ചവിട്ടി നിൽക്കാൻ ബൈക്കിന്റെ പല ഭാഗങ്ങളിലുമായി ലോഹത്തകിടുകൾ ഘടിപ്പിച്ചിരുന്നു. അക്കങ്ങൾ വ്യക്തമാകാതിരിക്കുന്നതിനായി ചെറിയ നമ്പർ പ്ലേറ്റാണ് ഉപയോഗിച്ചിരുന്നത്. ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ചുമത്തപ്പെടാം.


0 Comments