Ticker

6/recent/ticker-posts

സുധീരനെതിരെ വി.എസ് ജോയ്; പല്ലി വാലു മുറിച്ചുകളയുന്നതുപോലെ ഭൂതകാലത്തെ മുറിച്ച് കളയരുതെന്ന് ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: അരുവിക്കരയിൽ നടക്കാൻ പോകുന്നത് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പല്ലെന്നും കെ.എസ്.യു ഇടപെടേണ്ടെന്നുമുള്ള വി.എം സുധീരന്റെ പരാമർശത്തിന് മറുപടിയുമായി കെ.എസ്.യു പ്രസിഡന്റ് വി.എസ് ജോയി രംഗത്ത്. ശബരീനാഥനെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്ത പാർട്ടി തീരുമാനത്തെ അംഗീകരിക്കുന്നു. എന്നാൽ കെ.പി.സി.സി പ്രസിഡന്റിന്റെ അഭിപ്രായം കെ.എസ്.യു പ്രവർത്തകരെ വേദനിപ്പിച്ചിരിക്കുകയാണെന്ന് ജോയി പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയി ഇത്തരത്തിൽ കുറിച്ചിരിക്കുന്നത്.
ഇന്നലെകളിൽ കേരള രാഷ്ട്രീയത്തിലെ തിരുത്തൽ ശക്തിയായി നിലകൊണ്ട കെ.എസ്.യു ഇനി കോളേജ് യൂണിയൻ തെഞ്ഞെടുപ്പിൽമാത്രം അഭിപ്രായം പറഞ്ഞാൽ മതിയെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഇന്നലെകളിൽ ഈ പ്രസ്ഥാനത്തെ നയിച്ച് ഇടിമുഴക്കംപ്പോലെ അഭിപ്രായ പ്രകടനം നടത്തിയ നേതാക്കന്മാർ ‘പല്ലി വാല് മുറിച്ച് കളയുന്നത് പോലെ’ ഭൂത കാലത്തെ മുറിച്ച് കളയരുതെന്ന് മാത്രം അഭ്യർത്ഥിക്കുന്നതായും ജോയി പറയുന്നു.
അരുവിക്കരയിൽ കെ.എസ് ശബരീനാഥനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ വി.എസ്.ജോയി വി.എം.സുധീരന് കത്തു നൽകിയിരുന്നു. ഡോ.സുലേഖ മത്സരിക്കാൻ തയ്യാറായില്ലെങ്കിൽ വി.എം.സുധീരൻ സ്ഥാനാർത്ഥിയാകണമെന്നായിരുന്നു കെ.എസ്.യുവിന്റെ ആവശ്യം.

 

Post a Comment

0 Comments