Ticker

6/recent/ticker-posts

കര തേടി 16 മാസം കടലില്‍; ഭക്ഷണം ചെറുമീനും കടലാമയും


ഭൂഖണ്ഡങ്ങളില്‍ നിന്നു ഭൂഖണ്ഡങ്ങളിലേക്ക് കടലില്‍ ഒറ്റയ്ക്കും കൂട്ടായും സാഹസികയാത്ര നടത്തുന്നവരെ പറ്റി ഒട്ടേറെ വാര്‍ത്തകള്‍ ഇതിനോടകം വന്നിട്ടുണ്ട്. എന്നാല്‍ ചുറ്റിനും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കടലില്‍ കരതേടി 16 മാസം അലയേണ്ടിവരുന്ന അവസ്ഥയുണ്ടായാലോ? 2012 സെപ്റ്റംബറില്‍ മെക്സി‍ക്കോയില്‍ നിന്നു എല്‍ സാല്‍വദോറിലേക്ക് യാത്രതിരിച്ച ജോസ് ഇവാനാണ് ഹോളിവുഡ് സിനിമയെ വെല്ലുന്ന ജീവിതകഥയിലെ നായകന്‍. ഇവാനൊപ്പം മറ്റൊരാളും ബോട്ട് യാത്രയിലുണ്ടായിരുന്നു.

24 അടി നീളമുള്ള ഒരു ഫൈബര്‍ ബോട്ടിലായിരുന്നു ഇരുവരുടെയും യാത്ര. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവരുടെ ഭക്ഷണം തീര്‍ന്നു. വൈകാതെ ബോട്ടിലെ ഇന്ധനവും. പിന്നെ വിശപ്പ് അകറ്റാനായി കടലിലെ മീനുകളെയും കടലാമ അടക്കമുള്ള ചെറുജീവികളെയും പച്ചയ്ക്ക് ഭക്ഷിച്ചാണ് ഇവരുവും ജീവന്‍ നിലനിര്‍ത്തിയത്. മീന്‍ പിടിക്കാനുള്ള സംവിധാനങ്ങളൊന്നും ഇല്ലാതിരുന്നിട്ടുകൂടി അതിജീവനത്തിനായി വെറും കൈകള്‍ ഉപയോഗിച്ചായിരുന്നു മീന്‍പിടുത്തം. മഴവെള്ളം ശേഖരിച്ച് കുടിവെള്ളത്തിനായി ഉപയോഗിച്ചു. കുടിവെള്ളം തീര്‍ന്നപ്പോള്‍ കടലാമയുടെ രക്തമാണ് ഇവാന്‍ ദാഹം തീര്‍ക്കാന്‍ കുടിച്ചത്. കീറിയ അടിവസ്ത്രവും നീണ്ടുവളര്‍ന്ന താടിയും മുടിയുമായി അവശനിലയില്‍ പസഫിക് സമുദ്രത്തില്‍ ഒഴുകി നടക്കുന്ന നിലയിലാണ് ജോസ് ഇവാനെ കണ്ടെത്തുന്നത്. എന്നാല്‍ മാസങ്ങള്‍ക്കു മുമ്പ് തന്നെ ഇവാനൊപ്പമുണ്ടായിരുന്ന സഹയാത്രികന്‍ മരിച്ചിരുന്നു. കടലില്‍ കര തേടി അലഞ്ഞ ഇയാള്‍ പസഫിക് സമുദ്രത്തിലെ സോളമന്‍ ദ്വീപില്‍ നിന്നു 620 മൈലുകള്‍ വടക്കുമാറി മാര്‍ഷല്‍ ദ്വീപിനു സമീപമാണ് ഒടുവില്‍ എത്തിപ്പെട്ടത്. ഇക്കാലം കൊണ്ട് 8000 മൈലാണ് ഇവാന്‍ സഞ്ചരിച്ചത്. രക്തസമ്മര്‍ദ്ധം കുറഞ്ഞ നിലയിലാണ് ഇവാനെ കണ്ടെത്തിയതെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം പറഞ്ഞത്. മരണത്തിന്റെ വായില്‍ നിന്നു പിടിച്ചുവാങ്ങിയ ആയുസുമായി ഇവാന്‍ തന്റെ രണ്ടാം ജന്മത്തിലേക്ക് യാത്ര തുടങ്ങുകയാണ്.

Post a Comment

0 Comments