Ticker

6/recent/ticker-posts

സുഭാഷ് എന്നും 'എസ്‌കേപ്പി'ന്റെ വഴിയില്‍; പിടിയിലാകുന്നത് ആദ്യം


ആറ്റിങ്ങല്‍: ഫയര്‍ എസ്‌കേപ്പില്‍ വിദഗ്ധനായ സുഭാഷ് മോഷണക്കേസുകളിലും എന്നും എസ്‌കേപ്പാവുകയായിരുന്നു. പ്രത്യേക അന്വേഷണസംഘം ബുധനാഴ്ച അറസ്റ്റുചെയ്ത സംഘത്തിലെ പ്രധാനിയാണ് സുഭാഷ് (24). ആദ്യമായാണ് ഇയാള്‍ പിടിയിലാകുന്നത്. സിനിമാക്കഥകളെ വെല്ലുന്ന കഥകളാണ് ഇയാളെക്കുറിച്ച് പുറത്തുവരുന്നത്.

മിമിക്രിയിലും ജാലവിദ്യയിലും വിദഗ്ധനായ സുഭാഷ് വിവിധ ജില്ലകളില്‍ പരിപാടികളവതരിപ്പിച്ചിട്ടുണ്ട്. ജൂനിയര്‍ സുരാജ് വെഞ്ഞാറമൂട് എന്നാണ് വിളിപ്പേര്. ആര്‍ഭാടമായാണ് ജീവിതം നയിച്ചിരുന്നത്. ജില്ലയിലെ പോലീസുകാര്‍ക്കിടയില്‍ പരിചയവലയമുണ്ടാക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പലപ്പോഴും ഒരു 'ഇന്‍ഫോര്‍മര്‍' ആയി മാറി ഇയാള്‍ പോലീസിന്റെ വിശ്വാസ്യത നേടിയിട്ടുണ്ട്. പലമോഷണങ്ങളും നടത്തി പോകുന്നതിനിടയില്‍ ഇയാള്‍ പോലീസ് പട്രോളിങ് സംഘത്തിന്റെ മുന്നില്‍പ്പെട്ടിട്ടുണ്ട്. പോലീസിലെ പരിചയവും പ്രോഗ്രാം കഴിഞ്ഞ് വരികയാണെന്നുള്ള കഥയും പറഞ്ഞാണ് ഇയാള്‍ രക്ഷപ്പെടുന്നത്. പോലീസിന്റെ നോട്ടം ഒരിക്കലും തന്നിലേക്കെത്താതിരിക്കാന്‍ ഇയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഒരിക്കല്‍ കാര്‍ നിര്‍ത്തിയിട്ട് ഒരു വീട്ടില്‍ നിന്ന് റബ്ബര്‍ ഷീറ്റ് മോഷണം നടത്തുന്നതിനിടെ കാര്‍ പോലീസിന്റെ കണ്ണില്‍പ്പെട്ടു. റബ്ബര്‍ ഷീറ്റുകള്‍ തിരികെവച്ച് സുഭാഷും കൂട്ടരും അവിടന്ന് മുങ്ങി. പോലീസ് സ്ഥലത്തെത്തി പരിശോധിച്ച് കാറിന്റെ ടയറിലെ കാറ്റഴിച്ചുവിട്ടശേഷം പോയി. അല്പസമയത്തിനുള്ളില്‍ രണ്ടു കുപ്പിയില്‍ പെട്രോളുമായി സുഭാഷും കൂട്ടരും പോലീസ് സംഘത്തിന്റെ മുന്നിലെത്തി. കാറില്‍ എണ്ണ തീര്‍ന്നുപോയെന്നു പറഞ്ഞു. തുടര്‍ന്ന് പോലീസിന്റെ സഹായത്താല്‍ കാര്‍ കിടക്കുന്നിടത്തെത്തി കാറുമായി സ്റ്റേഷനിലെത്തി എഴുതി ഒപ്പിട്ടുപോയി. മോഷണം നടക്കാഞ്ഞതിനാല്‍ പരാതിയും ഉണ്ടായില്ല.

18 ലക്ഷം രൂപ മുടക്കി അടുത്തിടെ ഇയാള്‍ വീട് പണിതു. വീട്ടില്‍ എ.സിയും ഹോം തിയേറ്ററും ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളൊരുക്കി. സ്ത്രീകളുടെ ശബ്ദത്തില്‍ ഭംഗിയായി സംസാരിക്കുന്ന ഇയാള്‍ നിരവധി പെണ്‍കുട്ടികളെ വലയിലാക്കിയിട്ടുണ്ട്. അവര്‍ക്ക് വിലകൂടിയ ഫോണുകളും ലാപ്‌ടോപ്പുകളും സമ്മാനമായും നല്‍കിയിട്ടുണ്ട്.

ഒരിക്കലും പോലീസിന് സംശയിക്കാന്‍ ഇട നല്‍കാതിരുന്ന സുഭാഷ് ഓരോ മോഷണവും തന്ത്രപരമായാണ് നടത്തിയിരുന്നത്. കിട്ടുന്നതെല്ലാം സംഘാംഗങ്ങള്‍ക്ക് വീതംവെച്ച് കൊടുത്തിരുന്നു. കലാകാരനായതിനാല്‍ നാട്ടുകാരും ഇയാളെ താല്പര്യപൂര്‍വം പരിഗണിച്ചിരുന്നു. കിട്ടിയ അവസരം ശക്തമായി മുതലെടുത്താണ് ഇയാള്‍ മോഷണപരമ്പര നടത്തിയത്. താനൊരിക്കലും പോലീസ് വലയിലാകില്ലെന്ന് ഇയാള്‍ ഉറച്ചുവിശ്വസിച്ചിരുന്നു. ശക്തമായ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് തെറ്റുകള്‍ ഏറ്റുപറയേണ്ടിവന്നു. മോഷണക്കേസിലെ പ്രതികളെ തേടി പോലീസ് അലയുമ്പോഴൊക്കെ ഇയാള്‍ പോലീസിനു മുന്നിലൂടെ ധൈര്യസമേതം പോകുന്നുണ്ടായിരുന്നു.

Post a Comment

0 Comments