വീണ്ടുമൊരു താരവിവാഹം കൂടി മലയാള സിനിമയില്‍ അരങ്ങൊരുങ്ങുന്നു. മലയാള സിനിമയുടെ ന്യൂജനറേഷന്‍ ഹീറോ ഫഹദ് ഫാസിലും ഫേസ്ബുക്കിലെ ഏറ്റവുമധികം ആരാധകരുള്ള താരമായ നസ്രിയ നസ്രീനും ആണ് വിവാഹിതരാവാന്‍ തീരുമാനിച്ചത്. രണ്ടു പേരുടെയും വീട്ടുകാര്‍ ചേര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്. വിവാഹം ആഗസ്റ്റില്‍ നടക്കുമെന്നാണ് സൂചന. അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതെന്നും പിന്നീട് വീട്ടുകാരുടെ മദ്ധ്യസ്ഥതയോടെ വിവാഹം ഉറപ്പിക്കുകയുമായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെയാണ് ഫഹദ് ഫാസില്‍ ആദ്യമായി സിനിമാ രംഗത്തേക്കു കടന്നുവന്നത്. പിന്നീട് ചാപ്പാകുരിശിലൂടെ മലയാളത്തിലെ ന്യൂജനറേഷന്‍ നായകനായി മാറുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഒരുപാട് ആരാധകരുള്ള പ്രിയനടിയാണ് നസ്‌റിയ. ടിവി അവതാരികയായെത്തി പിന്നീട് ചെറുപ്രായത്തില്‍ തമിഴും മലയാളത്തിലും ഒരേസമയം തിരക്കുള്ള നടിയായി മാറിയ താരമാണ് നസ്‌റിയ. മലയാളസിനിമയിലെ തിളക്കമേറിയ താരങ്ങളായ ഇരുവരുടെയും വിവാഹവാര്‍ത്ത അപ്രതീക്ഷിതമായത് ആരാധകരെ കൂടുതല്‍ ഞെട്ടിച്ചു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന എല്‍ ഫോര്‍ ലവ് എന്ന ചിത്രത്തില്‍ നസ്‌റിയയും ഫഹദും ഒന്നിച്ചഭിനയിക്കുന്നുണ്ട്. അതിനപ്പുറം ഇരുവരെയും ഒന്നിച്ച് ഒരു വേദിയില്‍ പോലും കണ്ടിട്ടില്ല എന്നതാണ് കൗതുകം.
0 Comments