Ticker

6/recent/ticker-posts

കസ്റ്റംസ് വാദം പൊളിഞ്ഞു; മണിയുടെ വള സ്വര്‍ണം പൂശിയത്; വള മണിക്ക് തിരികെ നല്‍കി

ഈ മാസം ഒന്നാം തീയ്യതി കുവൈത്തില്‍ നിന്ന് മടങ്ങി വരവെ നടന്‍ കലാഭവന്‍ മണി 22 പവന്‍ സ്വര്‍ണത്തില്‍ തീര്‍ത്ത വള  കൊണ്ട് വന്നു എന്നും പരിശോധിക്കവേ വള സ്വര്‍ണ്ണമാണോ എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ ക്ഷുഭിതനായ മണി ബ്രേസ്‌ലെറ്റ് ഉദ്യോഗസ്ഥര്‍ക്ക് നേരെ് വലിച്ചെറിയുകയും ചെയ്തു എന്ന വാര്‍ത്ത‍ നിങ്ങള്‍ വായിച്ചു കാണും. എന്നാല്‍ ഏറ്റവും പുതുതായി വരുന്ന റിപ്പോര്‍ട്ടില്‍ മണി കൊണ്ട് വന്നത് സ്വര്‍ണം പൂശിയ വള ആയിരുന്നു എന്ന് തെളിഞ്ഞതായി കസ്റ്റംസ് അറിയിച്ചു. കേവലം അഞ്ചു പവന്‍ മാത്രമുള്ള വളയാണിത് എന്ന കാര്യം വ്യക്തമായിട്ടുണ്ട്. ഇതോടെ ദിവസങ്ങളായി കലാഭവന്‍ മണിക്കെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളുടെ മുനയൊടിയുകയാണ്. നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് കസ്റ്റംസ് അയച്ച നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് മണി ഇന്ന് കസ്റ്റംസിന് മുമ്പാകെ ഹാജരായത്. വള ഉണ്ടാക്കിയ സ്വര്‍ണപ്പണിക്കാരെയും മണി കൂടെ കൂട്ടിയിരുന്നു.
വള കലാഭവന്‍ മണിക്ക് തിരികെ നല്‍കിയതായും കസ്റ്റംസ് അറിയിച്ചു. മണി രണ്ടായിരം രൂപ പിഴ അടച്ചാല്‍ മതിയെന്നും അവര്‍ വ്യക്തമാക്കി. വിദേശത്തേക്ക് പോകുമ്പോള്‍ മണി വള കൊണ്ടുപോയിരുന്നതായും കസ്റ്റംസ് അറിയിച്ചു. വള സ്വര്‍ണം പൂശിയതാണെന്ന വാദത്തില്‍ മണി ഉറച്ചു നിന്നു. അഞ്ച് പവന്‍ മാത്രമാണ് വളയിലെ സ്വര്‍ണത്തിന്റെ അളവ്. സംശയമുണ്ടെങ്കില്‍ മാധ്യമ പ്രവര്‍ത്തകരുടെ മുമ്പില്‍ വെച്ച് വള മുറിച്ച് പരിശോധിക്കാമെന്നും മണി പറഞ്ഞു.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ മണിയുടെ വിശദീകരണം എഴുതി വാങ്ങി. തുടര്‍ന്നാണ് വള തിരികെ നല്‍കിയത്. ക്ലിയറന്‍സ് രേഖകള്‍ ഇല്ലാത്തതിന് 2,000 രൂപ പിഴയായി മണി അടയ്ക്കണമെന്ന് കസ്റ്റംസ് മണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments