Ticker

6/recent/ticker-posts

പന്നിപ്പനി മരണം 2840 ആയി

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ പന്നിപ്പനി ബാധിച്ച് ഇതിനകം 2,840 പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന(ഡബ്ള്യുഎച്ച്ഒ)യുടെ റിപ്പോര്‍ട്ട്. ലോകത്ത് രണ്ടര ലക്ഷത്തില്‍ അധികം പേര്‍ക്കാണ് ഇതുവരെ എച്ച്1എന്‍1 ബാധ സ്ഥിരീകരിച്ചതെന്ന് ഡബ്ള്യുഎച്ച്ഒ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പന്നിപ്പനി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണെന്നും ഇനിയും മരണ സംഖ്യ ഉയരുമെന്നും ജനീവയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഡബ്ള്യുഎച്ച്ഒ വക്താവ് ഗ്രിഗറി ഹര്‍ടല്‍ അറിയിച്ചു. ഇന്ത്യ, ബംഗദേശ്, മ്യാന്‍മര്‍,തായ്ലന്‍ഡ്, ശ്രീലങ്ക, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ പന്നിപ്പനിയുടെ വൈറസ് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഹര്‍ടല്‍ പറഞ്ഞു. എന്നാല്‍ പന്നിപ്പനി വൈറസ് കൂടുതല്‍ ആക്രമണകാരിയായെന്നും രോഗത്തിന്റെ തീവ്രത മുന്‍പത്തെക്കാള്‍ കൂടുതലും വൈറസുകള്‍ ഔഷധങ്ങളെ അതിജീവിക്കാന്‍ കഴിവുനേടിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. പന്നിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ വന്‍ വര്‍ധനവാണ് ഉണ്ടായത്. ലോകത്ത് 800 പേര്‍ പന്നിപ്പനി മൂലം മരിച്ചെന്നായിരുന്നു ജൂലൈയില്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇന്ത്യയില്‍ പന്നിപ്പനി മരണങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. കര്‍ണാടകത്തില്‍ ഇതുവരെ 40 പന്നിപ്പനി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചവരുടെയെല്ലാം ശരീരസ്രവങ്ങള്‍ പരിശോധിച്ചപ്പോഴാണ് മരണകാരണം പന്നിപ്പനിതന്നെയാണെന്ന് വ്യക്തമായത്. കേരളത്തില്‍ ആറ്‌ പേര്‍ക്കുകൂടി പന്നിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്‌ ഡയറക്ടര്‍ അറിയിച്ചു.

Post a Comment

0 Comments